തിരുവനന്തപുരം: സർക്കാർ രാജിവയ്ക്കണമെന്നും തങ്ങളെ കയറ്റിയിരുത്തണമെന്നുമുള്ളതാണു പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും അക്കാര്യം തീരുമാനിക്കേണ്ടതു ജനങ്ങളാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വിവാദങ്ങളുണ്ടാക്കി കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണു പ്രതിപക്ഷത്തിന്റെ ശ്രമമെന്നും ധനബിൽ പാസാക്കുന്നതിനിടെ നിയമസഭയിൽ അദ്ദേഹം പറഞ്ഞു. നശീകരണ രാഷ്ട്രീയമാണ് അവർ നടത്തുന്നത്.
കേരളത്തിന്റെ സാന്പത്തിക വ്യവസ്ഥയിൽ കാതലായ മാറ്റങ്ങളുണ്ടാക്കുന്ന ബജറ്റായിരുന്നു അവതരിപ്പിച്ചത്. കേരളത്തെ കൂടുതൽ പ്രകാശമാനമായ നാളുകളിലേക്ക് എത്തിക്കാനാണു ശ്രമിച്ചത്.
വർഗീയ കലാപങ്ങൾക്ക് ശ്രമങ്ങൾ നടക്കുന്ന രാജ്യത്ത്, അമേരിക്ക പറയുന്നതിനനുസരിച്ച് കരാറുകളുണ്ടാക്കുന്ന ഘട്ടത്തിൽ കേരളം എല്ലാവരെയും സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. നേറ്റിവിറ്റി കാർഡ് വന്നാൽ ഒരാളെയും ഇവിടെനിന്ന് പുറത്താക്കാൻ കഴിയില്ലെന്നു പ്രഖ്യാപിച്ച സംസ്ഥാനമാണിത്. അപ്പോഴാണ് പ്രതിപക്ഷം ഇപ്പോഴും ശബരിമല കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നത്.
കേരളത്തെ നുണകൊണ്ട് അഭിഷേകം ചെയ്യുന്ന പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും ഇപ്പോൾ കാര്യങ്ങൾ തിരിഞ്ഞുകൊത്തുകയാണ്. സർക്കാർ അവതരിപ്പിച്ച ബജറ്റ് അടുത്ത വർഷം നടപ്പാക്കാൻ തുടർച്ചയുണ്ടാകും. അതിനായി ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്നും ബാലഗോപാൽ പറഞ്ഞു.